തിരുവനന്തപുരം : മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കുന്ന ആര്‍.ശ്രീലേഖ ലക്ഷ്യമാക്കുന്നത് സുരക്ഷിതമായ നിയസഭാ സീറ്റും മറ്റ് ലാവണങ്ങളും. മേയര്‍ സ്ഥാനം വാഗാദാനം ചെയ്താണ് തിരഞ്ഞെടുപ്പിനിറക്കിയതെന്നും എന്തോ കാരണങ്ങളാല്‍ തീരുമാനം മാറിയെന്നും ആര്‍.ശ്രീലേഖ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വെറും ഒരു കൗണ്‍സിലറായി തുടരാനല്ല താന്‍ മല്‍സരിച്ചതെന്നും തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മുഖം താനാണെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നുവെന്ന് ആര്‍.ശ്രീലേഖ തിങ്കളാഴ്ച മാധ്യമങ്ങളോടും വ്യക്തമാക്കി.
ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലൊന്നില്‍ മല്‍സരിപ്പിക്കാമെന്നും വിജയിച്ചില്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെ മറ്റേതെങ്കിലും പദവി നല്‍കാമെന്നുമാണ് വാഗ്ദാനം. അതിനിടെ, വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാന്‍ മുന്‍ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ താതപര്യം പ്രകടിപ്പിക്കുന്നതാണ് ശ്രീലേഖയെ വീണ്ടും പ്രകോപിച്ചതെന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ നേമത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പി മുന്നിലാണ്. നേമത്ത് മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിച്ച കെ.സുരേന്ദ്രന്‍ ഇത്തവണ പാലക്കാട് മല്‍സരിക്കുമെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാല്‍, പാലക്കാട് വിജയം എളുപ്പമല്ലെന്ന് മനസ്സിലാക്കി എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. നെടുമങ്ങാട് പോലുള്ള സമീപ മണ്ഡലങ്ങളിലൊന്ന് ശ്രീലേഖയ്ക്ക് നല്‍കാമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താനില്ലെന്ന് പറയാന്‍ ആര്‍.ശ്രീലേഖയെ പ്രേരിപ്പിച്ചത്. മേയര്‍ സ്ഥാനം നിഷേധിച്ച പാര്‍ട്ടി തീരുമാനത്തോട് ‘പോടാ പുല്ലേ’ എന്ന് പറയാത്തത് ജയിപ്പിച്ചു വിട്ട വോട്ടര്‍മാരെ ഓര്‍ത്താണെന്നും അവര്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് തുറന്നടിച്ചിരുന്നു.
അവസാന നിമിഷം മേയര്‍ സ്ഥാനത്ത് നിന്ന് തഴഞ്ഞതിനെതിരെയുള്ള അതൃപ്തി അവര്‍ നേരത്തെയും പ്രകടിപ്പിച്ചിരുന്നു. മേയര്‍ വി.വി.രാജേഷിന്റെയും ഡപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് തീരുംമുമ്പ് ശ്രീലേഖ വേദി വിട്ടിറങ്ങിപ്പോയതും ചര്‍ച്ചയായിരുന്നു.
