ന്യൂഡൽഹി : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും റിട്ടയേർഡ് അദ്ധ്യാപകനുമായ റഫീഖുൾ ഇസ്ലാമിന് ജീവപര്യന്തം. മാൾഡയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2021-ൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളോട് ബന്ധപ്പെട്ട് നടന്ന ബലാത്സംഗ കേസിലാണ് ശിക്ഷ. സിബിഐ ആണ് കേസ് അന്വേഷിച്ചത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കൊലപാതകങ്ങൾക്കും കവർച്ചയ്ക്കും പുറമെ, പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ആകെ 61 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസുകളെല്ലാം കൽക്കട്ട ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
ഇരയായ പെൺകുട്ടിയുടെയും 10 വയസ്സുള്ള കൂട്ടുകാരിയുടെയും ദൃക്‌സാക്ഷി മൊഴികളാണ് സിബിഐ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പോക്‌സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376എബി വകുപ്പ് പ്രകാരവും റഫീഖുൾ ഇസ്ലാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി സിബിഐ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.