തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കൂ പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍. 2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത് രാജിവച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുകയായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവയെല്ലാം പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകനല്ലാത്ത ഒരു വ്യക്തി സ്ഥാനമേൽക്കുന്നത് ആദ്യമായിരുന്നു. ഇപ്പോൾ റസൂൽ പൂക്കുട്ടിയിലൂടെ ആ നില തുടർന്നു.
