മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് അന്തരിച്ചു

Date:

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽ ഡി എഫ് കൺവീനറുമായിരുന്നു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു എം എം ലോറൻസ്.

എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, മുനവിറുൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ മുഖ്യപ്രതികളിൽ ഒരാളായി. 1950ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരേയൊരു തവണയെ ജയിക്കാൻ കഴിഞ്ഞുള്ളൂ. 1969ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970ലും 2006ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ എറണാകുളം മണ്ഡലത്തിലും 1977ൽ പള്ളുരുത്തിയിലും 1991ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ചു. 1984ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു. 1964 മുതൽ 1998 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതൽ 1978 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ രാമകൃഷ്ണൻ 1967ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് ലോറൻസ് സെക്രട്ടറിയായത്.

1978 മുതൽ 1998 വരെ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതൽ 1998 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1986 മുതൽ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കൺവീനറായിരുന്നു. പിന്നീട് 1998ൽ പാലക്കാട് വച്ച് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് 1998ൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയിൽ നിന്ന് എറണാകുളം ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സേവ് സിപിഎം.ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2002ൽ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറൻസ് 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വച്ച് പാർട്ടി സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടർന്ന് ലോറൻസിനെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നിലവിൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...

ശബരിമല സ്വർണ്ണക്കവർച്ച:  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി ബെല്ലാരി ജുവലറി ഉടമയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം...

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...