കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ഡോക്ടര്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്ന് ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്ന നേട്ടമെല്ലാം തരൂര്‍ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി. ശശി തരൂരിന് ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“തരൂർ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. ഒരു രക്തസാക്ഷി പരിവേഷം നേടിയെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, ഒരു വീര പുരുഷനായി ബിജെപിയിലേക്ക് പോകാം എന്ന് അദ്ദേഹത്തിന്റെ മനസില്‍ ഒരു കണക്ക് കൂട്ടലുണ്ട്. എങ്കിൽ, അത് ഈ ജന്മം നടക്കാന്‍ പോകുന്നില്ല. അങ്ങനെയൊരു വീര പുരുഷനാക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഒരു വീര പരിവേഷം ചാര്‍ത്തി ബിജെപിയില്‍ പോകാമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിയ്ക്കണ്ട.” – ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നേട്ടമുണ്ടാക്കി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ് ശശി തരൂര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉണ്ട ചോറിന് തരൂര്‍ നന്ദി കാണിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
