തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വൻ്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണുക സിംഗ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
നാലാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. കവിഷ ദില്‍ഹാരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുയായിരുന്നു താരം. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസിന് (9) തിളങ്ങാനായില്ല. കവിഷയുടെ തന്നെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ ഷെഫാലി – ഹര്‍മന്‍പ്രീത് കൗര്‍ (21) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ ഷെഫാലി മൂന്ന് സിക്‌സും 11 ഫോറും നേടി.
27 റണ്‍സ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഞ്ചാം ഓവറിലാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ ദീപ്തി പുറത്താക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ രേണുക രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍ഷിത സമരവിക്രമ (2), ഹസിനി പെരേര (25) എന്നിവരെയാണ് രേണുക പുറത്താക്കിയത്. തുടര്‍ന്ന് നിലക്ഷിക സില്‍വ (4) കൂടി മടങ്ങിയതോടെ നാലിന് 45 എന്ന നിലയിലായി ലങ്ക. പിന്നീട് ദുലനി – കവിഷ ദില്‍ഹാരി സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. കവിഷയെ പുറത്താക്കി ദീപ്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദുലാനിയെ രേണുകയും തിരിച്ചയച്ചു. തുടര്‍ന്ന് കൗഷിനി നുത്യാഗന പ്രതിരോധമാണ് ലങ്കയെ 100 കടക്കാൻ സഹായിച്ചത്.
