ന്യൂഡൽഹി : സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നു. രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് ഇന്ത്യ ഔദ്യോഗികമായി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് അനുവദിച്ചു. സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിനുള്ള ഏകീകൃത ലൈസൻസ് സ്റ്റാർലിങ്കിന് ലഭിച്ചതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു.
ഗ്രാമീണ, വിദൂര കണക്റ്റിവിറ്റിക്ക് പുതിയ വാതിലുകൾ തുറക്കാൻ ഇത് സഹായകരമാകുമെന്നാണ് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സാറ്റലൈറ്റ് ഡിഷ്, റൂട്ടർ, മൗണ്ടിംഗ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്റ്റാർലിങ്ക് ഹാർഡ്‌വെയർ കിറ്റിന് ഉപയോക്താക്കളിൽ നിന്ന് ഒറ്റത്തവണ ഏകദേശം 33,000 രൂപ ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 3,000 രൂപ പ്രതിമാസ നിരക്കിൽ ഇത് പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യും.
ഇന്ത്യയിലുടനീളം 2 ദശലക്ഷം ഉപയോക്താക്കളുമായി സേവനം ആരംഭിക്കും, പ്രധാനമായും സേവനങ്ങൾ കുറഞ്ഞതും വിദൂരവുമായ പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ഇന്റർനെറ്റ് വേഗത 25 Mbps നും 220 Mbps നും ഇടയിലായിരിക്കുമെന്നാണ് അറിവ്. പ്രതിമാസം ഏകദേശം 850 രൂപ താരീഫിൽ ഒരു പ്രമോഷണൽ എൻട്രി ലെവൽ പ്ലാനും നിലവിലുണ്ടാവുമെന്നും സൂചനയുണ്ട്. വ്യക്തമായ വിവരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്നും പിടിഐ പറയുന്നു.
ലൈസൻസ് അനുവദിച്ചെങ്കിലും സ്റ്റാർലിങ്ക് ഇന്ത്യയിൽ എന്ന് പ്രവർത്തനം തുടങ്ങുമെന്ന് വ്യക്തതയില്ല. ഇന്ത്യയുടെ സ്പെക്ട്രം നയം അനുസരിച്ച്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് വേണം പ്രവർത്തനം എന്നത് കൊണ്ടുതന്നെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെക്കുറിച്ചുള്ള ട്രായ് കൺസൾട്ടേഷൻ പേപ്പർ അന്തിമമായാൽ മാത്രമെ സ്റ്റാർലിങ്ക് മിഴിതുറക്കൂ.
hrzqjv