കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി.
മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വഖഫ് സംരക്ഷണവേദിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി മുനമ്പം വിഷയം പരിഗണിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി തീരുമാനത്തിന് സ്‌റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഖഫ് സംരക്ഷണവേദിയുടെ ഹർജിയിലെ വാദം. എന്നാൽ പൊതു താത്പര്യ ഹർജിയാണിതെന്നും ഹർജി നൽകിയവർ നേരിട്ടുള്ള കക്ഷികളെല്ലെന്നും വാദിച്ച് സർക്കാർ ഹർജിയെ കോടതിയിൽ എതിർത്തു. വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.ജനുവരി 27ന് ഹർജി വിശദമായി പരിഗണിക്കും.
