ഗുവാഹത്തി: ഐസിസി വനിതാ ലോകകപ്പ് 13ാം പതിപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കമായി. ഇന്ത്യയും ശ്രീലങ്കയുമാണ് ആദ്യ മത്സരത്തിൽ മാറ്റുരക്കുന്നത്. മഴമൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 ഓവർ കൂടി ബാക്കി നിൽക്കെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എടുത്തിട്ടുണ്ട്.

എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻ്റ് നവംബര്‍ രണ്ടിലെ ഫൈനലോടെ കൊടിയിറങ്ങും. മത്സരങ്ങള്‍ ഇന്ത്യയിലെ എസിഎ സ്റ്റേഡിയം (ഗുവാഹത്തി), ഹോള്‍ക്കര്‍ സ്റ്റേഡിയം (ഇന്‍ഡോര്‍), എസിഎ-വിഡിസിഎ സ്റ്റേഡിയം (വിശാഖപട്ടണം), ഡി വൈ പാട്ടീല്‍ സ്റ്റേഡിയം (നവി മുംബൈ) എന്നിവിടങ്ങളിൽ അരങ്ങേറും. ഇന്ത്യയിൽ കാലുകുത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാകുക. ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം. കൊളംബോയിലെ പ്രമദാസ സ്റ്റേഡിയത്തിലാണ് ഈ കളി നടക്കുക. ആകെ 28 ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്
1973 – ൽ വനിതാ ലോകകപ്പ് മത്സരം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ തവണ വിജയം നേടിയ ടീം ഓസ്‌ട്രേലിയയാണ്. ഏഴ് തവണ. ഇംഗ്ലണ്ട് നാല് തവണ ജേതാക്കളായി. ന്യൂസിലാന്‍ഡ് ഒരു തവണ കിരീടം ഉയര്‍ത്തി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങൾ ഇത്തവണയും കന്നി ലോകകപ്പ് കിരീടത്തിനായി പൊരുതും.