ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു മാസത്തിന് ശേഷം സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ സ്വർണ്ണപ്പാളികൾ തിരികെ സ്ഥാപിക്കൂ. അതുവരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കാനാണ് തീരുമാനം
കോടതിയുടെ അനുമതിയില്ലാതെയാണ് സ്വർണ്ണപ്പാളികൾ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇത് പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചതോടെ വിഷയത്തിൽ കോടതി ഇടപെട്ടിരുന്നു. വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു കൂടിയാണ് തിരികെ സ്ഥാപിക്കാൻ കോടതിയുടെ അനുമതിക്കായി കാക്കുന്നത്. തന്ത്രി ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക.