കായംകുളം : കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ യു. പ്രതിഭ എംഎൽഎയെ പങ്കെടുപ്പിച്ചതിൽ കോൺഗ്രസിൽ തമ്മിലടി. പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തി. കെപിസിസി പ്രസിഡൻ്റ്, കെ.സി. വേണുഗോപാൽ എംപി എന്നിവർക്ക് പരാതിയും നൽകി. രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളും വീഡിയോകളും പ്രചരിച്ചിരുന്നു. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അടുത്തിടെ കോൺഗ്രസ് ഓഫീസിനു മുന്നിൽ ഇരുന്ന ഫ്ലക്‌സ് ബോർഡുകൾ തകർക്കുകയും നേതാക്കളെ മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതു സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് കോൺഗ്രസ് അടുത്ത ദിവസം പ്രകടനം നടത്തുകയും സിപിഎം പ്രവർത്തകരുമായി സംഘർഷത്തിന് കാരണവുമായി. കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന പുഷ്പദാസിന് മർദനമേറ്റു. കെപിസിസി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കൾ കായംകുളത്ത് എത്തി പുഷ്പദാസിനെ സന്ദർശിക്കുകയും അടൂർ പ്രകാശ് സിപിഎം ആക്രമത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ബുധനാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആഘോഷത്തിൽ എംഎൽഎയെ പങ്കെടുപ്പിച്ചത് പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയെ പരിച്ചുവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.