കോട്ടയം : ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കേന്ദ്രം ഭരിക്കുന്നവരല്ലേ ഒരു നിയമഗതിക്കായി ഭേദഗതി കൊണ്ടുവന്ന് ശബരിമലയിലെ പ്രശ്‌നം അവസാനിപ്പിച്ചുകൂടെയെന്ന് ബിജെപിയോട് ചോദിച്ചെന്നും എന്നാൽ എൻഎസ്എസ് കേസിന് പോയപ്പോള്‍ ബിജെപി ഓടിക്കളഞ്ഞുവെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. അന്ന് നിയമഭേദഗതി കൊണ്ടുവരാമെന്ന് പറഞ്ഞവർ പിന്നീട് അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലേക്ക് വിമാനവും ട്രെയിനും കൊണ്ടുവരുമെന്ന് പറഞ്ഞതും ചെയ്തില്ല. പത്തര വർഷമായി കേന്ദ്രം ഭരിച്ചിട്ട് ശബരിമല ക്ഷേത്രത്തിനു വേണ്ടി ബിജെപി എന്ത് ചെയ്തു എന്നും സുകുമാരൻ നായർ ചോദിച്ചു. ഉത്തരേന്ത്യയിൽ നദികൾ ശുദ്ധീകരിക്കാൻ വേണ്ടി പ്രത്യേകം ആളെ നിർത്തുന്നു. എന്നാൽ പരിപാവനമായ പമ്പ ഇപ്പൊഴും മലിനമായാണ് ഒഴുകുന്നത്.അതിൽ കുളിച്ചാണ് അയ്യപ്പൻമാർ മല ചവിട്ടുന്നത്. ഇതൊക്കെ പരിഹരിക്കാൻ ബിജെപി എന്തെങ്കിലും ചെയ്തോ എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുവിന്റെ കുത്തക തങ്ങൾക്കാണെന്നാണ് ബിജെപി പറയുന്നത്. എന്നിട്ടും ശബരിമല ക്ഷേത്രത്തിന് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും ഹിന്ദു രാഷ്ട്രീയക്കാരുടെത് മാത്രമല്ലെന്നും തങ്ങളുടേത് കൂടിയാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
ഇടതുപക്ഷം ശബരിമല വികസനത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ശബരിമല വികസനം എന്ന് പറഞ്ഞ് അവർ ചർച്ചയ്ക്ക് വിളിച്ചപ്പോൾ എൻഎസ്എസ് അവരുടെ കൂടെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെയും അതിരൂക്ഷ വിമർശനമാണ് സുകുമാരൻ നായർ ഉന്നയിച്ചത്. തൃശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാൻ സുരേഷ് ഗോപി വരേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപി ജനിച്ച ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നതെന്നും സംഘടനയുടെ മര്യാദകൾ ലംഘിക്കുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും സുകുമാരൻ നായർ തുറന്നടിച്ചു.
