തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിൽ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ലാലി ജെയിംസ്. മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
സസ്പെൻഷൻ നടപടിയിൽ താൻ ഭയന്ന് ഓടിപ്പോകില്ലെന്നും പാർട്ടിക്കൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും ലാലി വ്യക്തമാക്കി. കാര്യങ്ങൾ തുറന്നുപറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, മറിച്ച് വിളിച്ചിരുത്തി സംസാരിക്കാനുള്ള രാഷ്ട്രീയ മര്യാദയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നതെന്ന് അവർ പറഞ്ഞു. താനൊരു സ്ഥാനമോഹിയല്ലെന്നും എന്നാൽ അനീതിക്കെതിരെ പ്രതികരിക്കുക എന്നത് തന്റെ ശൈലിയാണെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി ഫണ്ടിലേക്ക് പണം വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് നിരസിച്ചതായും ലാലി വെളിപ്പെടുത്തി. മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്നത് താൻ കേട്ട കാര്യമാണെന്നും പണം നേരിട്ട് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പണം നൽകിയവർക്ക് പദവി വിറ്റുവെന്ന ആരോപണവുമായി ലാലി രംഗത്തെത്തിയത്.
നാല് തവണ കൗൺസിലറായ തന്നെ സാധാരണക്കാരിയായതിനാൽ തഴഞ്ഞുവെന്നും ഭൂരിഭാഗം കൗൺസിലർമാരും തന്റെ പേരാണ് നിർദ്ദേശിച്ചിരുന്നതെന്നുമാണ് ലാലി അവകാശപ്പെട്ടത്. വിവാദ പ്രസ്താവനയെത്തുടർന്ന് തൃശൂർ ഡിസിസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലിയെ സസ്പെൻഡ് ചെയ്തത്.
