തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. ഇതിനിടെ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്തു. ക്യാമറകൾ നശിപ്പിച്ചു.
കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ. ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് അനിൽകുമാറിന്‍റെ ആത്മഹത്യയെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു. കടബാദ്ധ്യത തീര്‍ക്കാൻ പാര്‍ട്ടി സഹായിച്ചെന്നും സൊസൈറ്റിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് വ്യക്തമാക്കിയത്. നേതാക്കളുടെ വിശദീകരണം നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റത്തിന് തുനിഞ്ഞത്.