സമാധാനത്തിന് മൂന്ന് ഉപാധികൾ ; യുക്രൈനോട് പുടിൻ

Date:

മോസ്കോ: യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ പകരമായി തെക്കൻ മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തിരികെ നൽകാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ്
റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ നടന്ന കൂടിക്കാഴ്ചക്കും, ട്രംപും വോളോഡിമിർ സെലെൻസ്കിയും യൂറോപ്യൻ നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷമാണ് പുടിൻ്റെ നിർദ്ദേശം വരുന്നത്. നാല് വർഷത്തിനിടയിലെ ആദ്യ യുഎസ്-റഷ്യ ഉച്ചകോടിയായിരുന്നു അലാസ്കയിലേത്. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ യുക്രൈനുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ചകൾ നടന്നു. ശേഷം ട്രംപ് സെലൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും കണ്ടു. സെലൻസ്കിയും പുടിനും തമ്മിലുള്ള നേരിട്ടുള്ള ചർച്ച വഴിയൊരുക്കാമെന്ന് ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ മുന്നോട്ടുവെച്ച ഉപാധികളിൽ നിന്ന് പുടിൻ പിൻവാങ്ങിയിട്ടുണ്ടെന്നതാണ് പുതിയ നിർദ്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോറിസിയ എന്നീ നാല് പ്രദേശങ്ങൾ പൂർണ്ണമായി റഷ്യക്ക് വിട്ടുനൽകണമെന്നായിരുന്നു അന്നത്തെ ഡിമാൻ്റ്. ഇക്കാര്യം യുക്രൈൻ അന്നേ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ റഷ്യയുടെ ആവശ്യം ഡോൺബാസിന്റെ ചില ഭാഗങ്ങൾ പൂർണ്ണമായി വിട്ടുനൽകണമെന്നാണ്.  പകരം സപ്പോറിസിയ, ഖേർസൺ മേഖലകളില്‍ തൽസ്ഥിതി തുടരാൻ തയ്യാറാണെന്ന് റഷ്യ. ഒപ്പം, ഖാർകിവ്, സുമി, ദിനപ്രോപെട്രോവ്സ്ക് എന്നീ മേഖലകളിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ചെറിയ ഭാഗങ്ങൾ തിരികെ നൽകാനും തയ്യാറായേക്കും.

നാറ്റോയിൽ അംഗമാകാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് പുടിനെ ആശങ്കയിലാഴ്ത്തുന്നത്. കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോയുടെ സൈനിക മുന്നേറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും, യുക്രൈൻ സൈന്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, പാശ്ചാത്യ സമാധാന സേനയെ രാജ്യത്ത് വിന്യസിക്കരുതെന്നും പുടിൻ ആവശ്യപ്പെട്ടു. അതെസമയം നാറ്റോ അംഗത്വം ഒരു ഭരണഘടനാപരമായ ലക്ഷ്യമാണെന്നും അത് റഷ്യക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും സെലൻസ്കി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ സമീപനങ്ങളിൽ യുക്രൈൻ നേരത്തേ തന്നെ ആശങ്ക ഉന്നയിച്ചിരുന്നു. പുടിനും ട്രംപും തമ്മിലുള്ള അലാസ്ക കൂടിക്കാഴ്ചയെ സംശയദൃഷ്ടിയോടെയാണ് സെലൻസ്കി കണ്ടത്. യൂറോപ്യൻ യൂണിയൻ നേതാക്കളും സെലൻസ്കിയുടെ ആശങ്ക പങ്കുവെച്ചു. പിന്നീട് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലൻസ്കിക്കൊപ്പം യൂറോപ്യൻ യൂണിയൻ നേതാക്കളെല്ലാം എത്തിച്ചേർന്നിരുന്നു. അലാസ്കയിലെ കൂടിക്കാഴ്ചക്ക് ശേഷം ‘യുക്രൈനിലെ സമാധാനത്തിന് ഒരു വഴി തുറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു പുടിന്റെ പ്രതികരണം. ‘വ്‌ളാഡിമിർ പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അത് പരിഹരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...