റാഞ്ചി : ബൗളർമാരെ ‘എയറിൽ’ നിർത്തി സിക്സറുകളും ബൗണ്ടറികളും കൊണ്ട് മൈതാനം നിറച്ച വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്. ഒപ്പം ആയുഷ് ലൊഹാരുകയുടേയും എസ് ഗനിയുടേയും സെഞ്ചുറിയും – വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ റെക്കോഡ് സ്‌കോർ കുറിച്ച് ബിഹാർ – അമ്പത് ഓവറിൽ 574 റൺസ്! ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറാണിത്. കൂടാതെ, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യക്കാരന്റെ സെഞ്ചുറിയും ഗനി സ്വന്തം പേരിൽ എഴുതിച്ചേർത്തു
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവും മംഗൾ മഹ്‌റൗറുമാണ് ഓപ്പൺ ചെയ്തതെങ്കിലും കളി മെനഞ്ഞത് പതിവ് പോലെ വൈഭവിൻ്റെ ബാറ്റിംഗ് വൈഭവത്തിലായിരുന്നു. മംഗളിനെ ഒരു വശത്ത് നിർത്തി വൈഭവ് ഒറ്റക്കായിരുന്നു ബിഹാർ ഇന്നിങ്‌സിൻ്റെ കടിഞ്ഞാൻ ഏറ്റെടുത്തത്. ഫലമോ, 12-ാം ഓവറിൽ 36 പന്തിൽ താരം സെഞ്വറി തികച്ചു , റെക്കോഡ് ബുക്കിൽ ഇടവും നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ പതിനാലുകാരൻ.
മത്സരത്തിൽ 33 റൺസെടുത്ത സഹ ഓപ്പണർ മംഗൾ പുറത്തായി പിന്നീട് പിയുഷ് സിങ്ങ് വന്നപ്പോഴും വൈഭവിൻ്റെ വെടിക്കെട്ടിന് വീര്യം കുറഞ്ഞില്ലെന്നു മാത്രമല്ല, ശൗര്യം കൂടുകയും ബയ്തു. ബിഹാർ 200 കടന്നത് മിന്നൽ വേഗത്തിലാണ്. അരുണാചൽ പ്രദേശ് ബൗളർമാർ വൈഭവിന് മുന്നിൽ കിതച്ചു. എറിഞ്ഞ പന്തുകൾ നിമിഷ നേരം കൊണ്ട് ബൗണ്ടറികടക്കുന്നതും സിക്‌സറുകളായി പറക്കുന്നതും അവർക്ക് നോക്കി നിൽക്കേണ്ടിവന്നു. ഇരട്ടസെഞ്ചുറിക്ക് 10 റൺസ് അകലെ വെച്ചാണ് വൈഭവ് പുറത്തായത്. 84 പന്തിൽ നിന്ന് 190 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 16 ഫോറുകളും 15 സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്.
വൈഭവ് പുറത്തായപ്പോൾ അരുണാചൽ ബൗളർമാർ തെല്ലൊന്ന് ആശ്വസിച്ചു. പക്ഷെ, അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതായിരുന്നു മൂന്നാം വിക്കറ്റിൽ പീയുഷ് സിങ്ങിൻ്റേയും ആയുഷ് ലൊഹാരുകയുടേയും പ്രകടനം. ലൊഹാരുകയായിരുന്നു കൂടുതൽ അപകടകാരി. താരം തകർത്തടിച്ചതോടെ ടീം സ്‌കോർ 350-കടന്നു. ശ്രദ്ധയോടെ ബാറ്റേന്തിയ പീയുഷ്(77) അർദ്ധസെഞ്ചുറി തികച്ച് പുറത്തായി. പിന്നാലെ ആയുഷ് സെഞ്ചുറി തികച്ചു. പിന്നീട് എസ് ഗനിയുടെ മിന്നലാട്ടമായിരുന്നു. 56 പന്തിൽ നിന്ന് 116 റൺസെടുത്ത് ആയുഷ് മടങ്ങിയപ്പോഴും അരുണാചലിന് ആശ്വസിക്കാൻ വഴി തെളിഞ്ഞില്ലെന്നർത്ഥം. വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന ഗനി 32 പന്തിൽ മൂന്നക്കം കുറിച്ചു. ഒപ്പം ചരിത്രവും! ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറുന്ന സെഞ്ചുറിയ്ക്കുടമയായ ഇന്ത്യൻ താരമായി ഗനി.
