49-ാമത് വയലാര്‍ അവാർഡ് ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌ക്കാരം. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ‘സോനാറ്റ’ ഹാളില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും വയലാര്‍ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു.
രാജ്യത്തെ അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍. ഈയടുത്തകാലത്ത് പുറത്തിറങ്ങിയതില്‍ പകരം വെയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയ അംഗങ്ങള്‍ തിരഞ്ഞെടുത്തത്.
ഭാഷ കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തപോമയിയുടെ അച്ഛന്‍ അല്ലാതെ മറ്റൊരു കൃതിയെ കുറിച്ച് ചിന്തിക്കാന്‍ ആവില്ലെന്നും ജൂറി നിരീക്ഷിച്ചു. നോവല്‍, ചെറുകഥ എന്നിവയില്‍ ഇ സന്തോഷ് കുമാർ മലയാളത്തിന് നല്‍കിയത് മികച്ച സംഭാവനകളാണെന്നും ജൂറി വിലയിരുത്തി.
പുരസ്ക്കാര നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്‌ക്കാരങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്നും ഇ സന്തോഷ് കുമാര്‍ പ്രതികരിച്ചു. റ്റി ഡി രാമകൃഷ്ണന്‍, ഡോക്ടര്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
1969ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായാണ് ഇ. സന്തോഷ് കുമാറിന്റെ ജനനം. മികച്ച കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ഇ. സന്തോഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.അന്ധകാരനഴി ഉൾപ്പെടെ ഏഴു നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 2006-ൽ “ചാവുകളി” എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 2012-ൽ അന്ധകാരനഴിക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഗാലപ്പഗോസ്,മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു,ചാവുകളി, മൂന്നു വിരലുകൾ, നീചവേദം, നാരകങ്ങളുടെ ഉപമ, പാവകളുടെ വീട് എന്നിവയാണ് പ്രധാനപ്പെട്ട ചെറുകഥാ സമാഹാരങ്ങൾ. അമ്യൂസ്മെന്റ് പാർക്ക്,വാക്കുകൾ,തങ്കച്ചൻ മഞ്ഞക്കാരൻ,കുന്നുകൾ നക്ഷത്രങ്ങൾ ,ജ്ഞാനഭാരം എന്നിവയാണ് മറ്റ് പ്രധാന നോവലുകൾ