തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ ശ്രദ്ധേയമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടന്ന പരിപാടിയിൽ പങ്കെടുത്തത് 10 ലക്ഷത്തോളം പേര്‍. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുട നേതൃത്വത്തിലായിരുന്നു ക്യാമ്പയിൻ ഒരുക്കിയത്.
വൈബ് 4 വെല്‍നസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ നിരവധി പരിപാടികളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നത്. രാവിലെ തന്നെ മന്ത്രി വീണാ ജോര്‍ജ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി വ്യായാമത്തിനായി എത്തിയവരോട് ഒപ്പം ചേര്‍ന്നു. സൂംബ ടീമിനോടൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു.
ആരോഗ്യവകുപ്പ് ജീവനക്കാരും ആയുഷ് വകുപ്പ് ജീവനക്കാരും തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം, സൈക്ലിംഗ്, സ്‌കേറ്റിംഗ് റാലി, സുംബ, യോഗ, എയറോബിക്‌സ്, സ്റ്റെപ് ഡാന്‍സ് മുതലായ ഗ്രൂപ്പ് എക്‌സര്‍സൈസുകള്‍, നല്ല ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍, സൗജന്യ ഡയറ്റ് കൗണ്‍സിലിങ് സേവനങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. മാനസികാരോഗ്യം, നല്ല ഉറക്കം, സ്ലീപ് ഹൈജിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും ഉണ്ടായിരുന്നു.
സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും, 5416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും, യോഗ ക്ലബുകളിലും അങ്കണവാടികളിലും, രാവിലെ 9 മുതല്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈബ് 4 വെല്‍നസ്സിലൂടെ നാല് മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
