ബെംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് (97) അന്തരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മണിപ്പാലിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോളമിസ്റ്റ്, എഴുത്തുകാരൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തെ 2011- ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ നൽകുന്ന പത്രപ്രവർത്തന രംഗത്തെ ഉന്നതാംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ എഴുതിയിരുന്ന ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളമാണ് ടി.ജെ.എസ് ജോര്‍ജിനെ പത്രപ്രവർത്തകനെന്ന നിലയിൽ വായനക്കാരുടെ പ്രിയങ്കരനാക്കിയത്. മൂന്ന് വര്‍ഷം മുമ്പ്, കോളത്തിന്റെ അവസാന ലക്കം ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ’ എന്ന തലക്കെട്ടോടെ എഴുതി തീർത്തായിരുന്നു സജീവ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
പത്തനംതിട്ടയിലെ തുമ്പമണിൽ മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിൻ്റേയും മകനായി 1928-ൽ ആയിരുന്നു ജനനം.
ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1950-ൽ ബോംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങിയവയിൽ ജോലിചെയ്തു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപർ എന്ന നിലയിലും ടി.ജെ.എസ് ജോർജ് പ്രശസ്തനാണ്.
പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്തകവും വി.കെ. കൃഷ്ണമേനോൻ, നർഗീസ്, എം.എസ്.സുബലക്ഷ്മി, സിംഗപ്പൂർ മുൻ പ്രസിഡന്റ് ലീക്വാൻയൂ എന്നിവരേക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങളടക്കം നിരവധി പുസ്തകങ്ങളുടെ രചിയിതാവാണ്.