‘കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ഉത്കണ്ഠയോടെ കാണുന്നു ; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത്’ ; സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം

Date:

കൊച്ചി : ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്നും വിഷയം ഉത്കണ്ഠയോടെ നോക്കിക്കാണുന്നുവെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീക്ക് നേരെയുണ്ടായ സംഭവം ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്നും കുടുംബം പ്രതികരിച്ചു.

കേരളത്തിൽ ഇത് അറിഞ്ഞപ്പോള്‍ തന്നെ നമ്മുടെ എംഎല്‍എ, എംപി. ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എല്ലാവരും തങ്ങളെ പിന്തുണച്ചുവെന്നും കുടുംബം വ്യക്തമാക്കി. നമുക്ക് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം വേണം. ഇന്ന് എന്റെ ചേച്ചിക്കാണെങ്കില്‍ നാളെ ആര്‍ക്കുവേണമെങ്കിലും ഇങ്ങനെ സംഭവിക്കാം. ഒരിക്കലും ഇങ്ങനെ പാടില്ല – പ്രീതി മേരിയുടെ സഹോദരി പറഞ്ഞു. ഇന്ന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കിട്ടിയില്ലെങ്കിൽ ഇതിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കുടുംബം വ്യക്തമാക്കി. ഒരാള്‍ക്കും ഒരിക്കലും ഇനി ഇങ്ങനെ വരാന്‍ പാടില്ല. ചെയ്യാത്ത കുറ്റത്തിനാണ് നടപടി. നമ്മുടെ നാട്ടിലാണെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല – കുടുംബം വ്യക്തമാക്കി.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്തയച്ചിരുന്നു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികൾ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രവഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.  ‘നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും.

വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടസ് എം പി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു. റായ്പുർ ആർച്ച് ബിഷപ് ഡോ. വിക്ടർ ഹെൻറി ഠാക്കൂറുമായി കൂടിക്കഴ്ച നടത്തിയ പി. സന്തോഷ് കുമാർ എംപി, ആനി രാജ എന്നിവർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്നു വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...