പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ട്പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നിലപാട്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസിൽ മുറുകുന്നതിൻ്റെ കൂടി സൂചനയായാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണമെന്നും വിലയിരുത്തുന്നു. . പാലക്കാട് കോൺഗ്രസിൽ രാജി ആവശ്യം പരസ്യമായി തന്നെ പ്രകടമായി കഴിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടുവെന്ന സൂചനയും പ്രതികരണത്തിലുണ്ട്. രാഹുലിനെ ഇത്രയും കാലം സംരക്ഷിച്ച് നിർത്തിയത് വിഡി സതീശനാണെന്ന വിമര്‍ശനം പാര്‍ട്ടിയിൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ യുവനേതാവിനെ കൈവിട്ട് സ്വന്തം ഇമേജ് സംരക്ഷിക്കുകയെ ഇനി സതീശനും തരമുള്ളൂ. പ്രത്യേകിച്ച്, രാഹുലിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി പ്രതിപക്ഷനേതാവിന് പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന ആരോപണം സമൂഹമദ്ധ്യത്തിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ ലീഗടക്കം പലരും ആവശ്യപ്പെട്ടിട്ടും പിവി അൻവറിൻ്റെ മാറ്റി നിർത്തി നേടിയ വിജയത്തിൽ സതീശൻ്റെ പ്രതിഛായ ഉയർന്നു നിൽക്കുന്ന അവസരത്തിലാണ് ഊട്ടിവളർത്തിയ യുവനേതാവ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഇതിൽ നിന്ന് തലയൂരി എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറണമെങ്കിൽ രാഹുലിനെ എംഎൽഎ സ്ഥാനം രാജിവെപ്പിക്കുക എന്നതാണ് വഴിയെന്ന് സതീശനോട് അടുത്ത വൃത്തങ്ങൾ തന്നെ പറയുന്നു. രാഹുൽ പറയുന്നതുപോലെ ‘ഹു കെയേഴ്സ്’ എന്ന് പറഞ്ഞ് നിന്നാൽ കൂടുതൽ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകുമെന്നും ‘വി കെയർ’ എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുകയാണ് ബുദ്ധിയെന്നുമാണ് ഉള്ളറയിലെ ഉപദേശം