സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫ്രാൻസ് ഔദ്യോഗികമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്റെ പ്രസ്താവന. ഇപ്പോഴത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണെന്നാണ് മാക്രോൺ പറഞ്ഞു വെയ്ക്കുന്നത്.
ഇസ്രായേലി ബോംബാക്രമണത്തിൽ പതിനായിരക്കണക്കിന് സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നത്.
സമാധാനം സാദ്ധ്യമാണ്. മദ്ധ്യപൂർവ്വദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചരിത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ചതെന്നും മാക്രോൺ വ്യക്തമാക്കി. “ഫ്രഞ്ച് ജനതയുടെ ഇഷ്ടത്തിന് അനുസൃതമായ ഒരു ചുവടുവെയ്പ്പ്” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഉടനടി വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, വലിയ തോതിലുള്ള മാനുഷിക സഹായങ്ങൾ, ഒടുവിൽ, സൈനികവൽക്കരിക്കപ്പെട്ട പലസ്തീനും ഇസ്രായേലിന് സുരക്ഷിതമായ അതിർത്തികളും ഉൾപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം എന്നിങ്ങനെ ബഹുമുഖ ദർശനമാണ് മാക്രോൺ അവതരിപ്പിക്കുന്നത്.”ഇതല്ലാതെ മറ്റൊരു ബദലുമില്ല.” മാക്രോൺ കൂട്ടിച്ചേർത്തു. “സമാധാനം സാദ്ധ്യമാണെന്ന് തെളിയിക്കേണ്ടത് ഫ്രഞ്ചുകാരും, ഇസ്രായേലികളും, പലസ്തീനികളും, നമ്മുടെ യൂറോപ്യൻ, അന്താരാഷ്ട്ര പങ്കാളികളും ചേർന്നാണ്.”
അതേസമയം , ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫ്രാൻസിന്റെ തീരുമാനത്തെ ശക്തമായി തള്ളിക്കളഞ്ഞു. അത് അപകടകരവും വഴിതെറ്റിയതുമാണെന്ന് വിശേഷിപ്പിച്ചു. “ഒക്ടോബർ 7 ലെ കൂട്ടക്കൊലയ്ക്ക് ശേഷം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭീകരതയ്ക്ക് പ്രതിഫലം നൽകുന്നതാണ്.” അദ്ദേഹം പറഞ്ഞു. അത്തരമൊരു രാഷ്ട്രം “മറ്റൊരു ഇറാനിയൻ പ്രോക്സി” ആയി മാറുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി, “പലസ്തീനികൾ ഇസ്രായേലിനൊപ്പം സമാധാനം തേടുന്നില്ല – അവർ അതിന്റെ നാശമാണ് ആഗ്രഹിക്കുന്നത്” – നെതന്യാഹു പറഞ്ഞു.
എന്നാൽ, ഫ്രാൻസിന്റെ നീക്കത്തെ പ്രശംസിച്ച് പലസ്തീൻ നേതാക്കൾ രംഗത്തെത്തി. മാക്രോണിന്റെ പ്രഖ്യാപനത്തെ പലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്തപ്പോൾ, ജറുസലേമിൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഒരു ഔപചാരിക കത്ത് സമർപ്പിച്ചു. അബ്ബാസിന്റെ കീഴിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ഷെയ്ഖ് നന്ദി രേഖപ്പെടുത്തി. “ഞങ്ങൾ മാക്രോണിനോട് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ നിലപാട് അന്താരാഷ്ട്ര നിയമത്തോടുള്ള ഫ്രാൻസിന്റെ പ്രതിബദ്ധതയും പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനുള്ള പിന്തുണയും പ്രതിഫലിപ്പിക്കുന്നു” എന്ന് വ്യക്തമാക്കി.
1967-ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാൻ പലസ്തീനികൾ പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറുഭാഗത്താകട്ടെ, ഇസ്രായേൽ സർക്കാരും അതിന്റെ രാഷ്ട്രീയ വിഭാഗങ്ങളും വളരെക്കാലമായി പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ എതിർക്കുകയുമാണ്.