ആലപ്പുഴ : പിഎംശ്രീ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി സിപിഐ. മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കാനാണ് സിപിഐ തീരുമാനം. സി പി ഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നേക്കും.
ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ കണ്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. പിന്നീട് ഇന്ന് രാവിലെ ആലപ്പുഴയില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തിലേക്കായിരുന്നു കണ്ണും ചെവിയുമത്രയും. പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി വരെ ആവാമെന്ന കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന ധ്വനിയുമുയർന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നരമണിക്ക് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറെ നേരം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല. ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ല എന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചതായാണ് അറിവ്. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന ഉറച്ച തീരുമാനത്തിൽ നിന്ന് ബിനോയ് വിശ്വം പിന്നോട്ട് പോയില്ല. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌ക്കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്ക്കാലം മരവിപ്പിക്കാമെന്ന സമവായ നിര്‍ദ്ദേശം മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയിലുണ്ടായെങ്കിലും ബിനോയ് വിശ്വം അതിനോട് യോജിച്ചില്ല. പിഎംശ്രീ വിഷയം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതാണ് ചർച്ചയിലെ ഗുണകരമായ ഏക കാര്യം
