തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന്  വീടൊരുങ്ങുന്നു ;  ശിലാസ്ഥാപനം മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു

Date:

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ‘മിഥുന്‍റെ വീട് എന്‍റെയും ‘ എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഞായറാഴ്ച നിർവ്വഹിച്ചു. 1000 സ്​ക്വയർഫീറ്റ് വിസ്​തൃതിയുള്ള വീട് മൂന്നര മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് ആണ് വീട് നിർമ്മിക്കുന്നത്. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമ്മാണം സമയബന്ധിതമായി ചെയ്‌ത്‌ തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ പിതാവ് മനു പറഞ്ഞു. വീട്‌ നിർമ്മാണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാൻ സമീപത്തായി മറ്റൊരു വീട് സർക്കാർ ചെലവിൽ വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. നിലവിലെ പഴകിയ വീട്​ സ്​ക‍ൗട്ട്​സ്​ ആൻഡ്‌​ ഗൈഡ്‌സ്​ അസോസിയേഷന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നൽകിയിരുന്നു.

ജൂലൈ 17നാണ്​ വിളന്തറ മനുഭവനിൽ എട്ടാംക്ലാസ്​ വിദ്യാർഥിയായ മിഥുൻ സ്​കൂളിൽ മരിച്ചത്​. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. സൈക്കിൾ ഷെഡിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ എച്ച് എമ്മിനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്‍റിനെ പിരിച്ചു വിട്ടിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറെ കെഎസ്ഇബിയും സസ്പെൻഡ് ചെയ്തിരുന്നു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...