[ Photo Courtesy : Instagram ]
മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട മയക്കുമരുന്ന് സിൻഡിക്കേറ്റ് കേസിൽ മറ്റ് നിരവധി അഭിനേതാക്കൾക്കും രാഷ്ട്രീയക്കാർക്കുമൊപ്പം തൻ്റെ പേരും ഉയർന്നുവന്നതിൽ പ്രതികരണവുമായി നടി നോറ ഫത്തേഹി. തനിക്ക് ഈ പാർട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും താൻ ഇതിൽ പങ്കെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇത്തരം വാർത്തകൾക്ക് തൻ്റെ പേര് “ക്ലിക്ക്ബെയ്റ്റായി” ഉപയോഗിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിച്ച നോറ ഫത്തേഹി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൂചന നൽകി.
‘സാകി-സാകി ‘ എന്ന ഗാനത്തിലൂടെ പ്രശസ്തയായ നടി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഷയം പങ്കുവെച്ചത്. “എഫ്‌വൈഐ” (നിങ്ങളുടെ വിവരത്തിനായി) എന്ന് അഭിസംബോധന ചെയ്യുന്ന കുറിപ്പിൽ താൻ പാർട്ടികൾക്ക് പോകാറില്ലെന്നും തികച്ചും ഞാൻ ഒരു വർക്കഹോളിക്കാണെന്നും തനിക്ക് വ്യക്തിപരമായ ജീവിതമില്ലെന്നും അത്തരത്തിലുള്ള ആളുകളുമായി ബന്ധപ്പെടാറുമില്ലെന്നും വ്യക്തമാക്കുന്നു.
“സാധാരണയായി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ അല്ലാത്തപ്പോൾ ദുബൈയിൽ വിശ്രമത്തിലായിരിക്കുകയുമാണ് പതിവ്.” – നോറ ഫത്തേഹി പറഞ്ഞു. “എന്റെ സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും മുഴുകിക്കൊണ്ടാണ് മുഴുവൻ പകലുകളേയും രാത്രികളേയും സജീവമാക്കുന്നത്. ‘ നിങ്ങൾ വായിക്കുന്നതൊന്നും വിശ്വസിക്കരുത്!”
മയക്കുമരുന്ന് രാജാവ് സലീം ഡോള നടത്തുന്ന ഒരു പ്രധാന മയക്കുമരുന്ന് സിൻഡിക്കേറ്റിനെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിൻ്റെ ആന്റി നർക്കോട്ടിക് സെൽ തകർത്തത്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയാണ് സലീം ഡോള. ഇതിനെത്തുടർന്നാണ് നിരവധി ബോളിവുഡ് അഭിനേതാക്കൾ, മോഡലുകൾ, റാപ്പർമാർ, ചലച്ചിത്ര നിർമ്മാതാക്കൾ, ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കൾ എന്നിവരുടെ പേരുകൾ ഉയർന്നുവന്നത്.
ഈ പാർട്ടികളിലേക്ക് എം-കാറ്റ്, മ്യാവൂ മ്യാവൂ, ഐസ് എന്നൊക്കെ അറിയപ്പെടുന്ന മെഫെഡ്രോൺ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ഡോളയാണെന്നാണ് ആരോപണം.
“എൻ്റെ പേര് എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്ന ഒന്നാണെന്ന് തോന്നുന്നു! പക്ഷേ ഇത്തവണ ഞാൻ അതിന് അനുവദിക്കില്ല! മുമ്പ് ഒരിക്കൽ ഇത് സംഭവിച്ചിട്ടുണ്ട്. നിങ്ങൾ നുണകൾ ഉപയോഗിച്ച് എന്നെ നശിപ്പിക്കാൻ ശ്രമിച്ചു, അത് വിജയിച്ചില്ല.” – എന്നിങ്ങനെ പറഞ്ഞുവെയ്ക്കുന്ന നോറ ഫത്തേഹി, ഇനി തൻ്റെ പേര് അപകീർത്തിപ്പെടുത്താനും പ്രതിച്ഛായയെ കളങ്കപ്പെടുത്താനും തന്നെ ക്ലിക്ക്ബെയ്റ്റായി ഉപയോഗിക്കാനും ശ്രമിക്കുമ്പോൾ നിശബ്ദയായി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പും നൽകുന്നു.
“എനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യങ്ങളിൽ എൻ്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് ഒഴിവാക്കുക! ഇത് വലിയ വില നൽകേണ്ട ഒന്നായിരിക്കും! മാന്യമായി പറയുന്നു.” – നോറ ഓർമ്മിപ്പിക്കുന്നു.
സലീം ഡോള നടത്തുന്ന മയക്കുമരുന്ന് സിൻഡിക്കേറ്റമായി ബന്ധപ്പെട്ടപ്പെട്ട അന്വേഷണത്തിൽ ഡോളയുടെ മകൻ താഹിർ ഡോളയെ ചോദ്യം ചെയ്തതിൽ നിന്ന് മുംബൈയുടെ ആന്റി നർക്കോട്ടിക് സെല്ലിന് ലഭിച്ച വിവരങ്ങളിലാണ് നോറ ഫത്തേഹിയുടെ പേരും ഉൾപ്പെട്ടത്. താഹിർ ഡോള ഇന്ത്യയിലും വിദേശത്തും സംഘടിപ്പിച്ച മയക്കുമരുന്ന് പാർട്ടികളിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിമാൻഡ് കോപ്പിയിലാണ് അലീഷ പാർക്കർ, ശ്രദ്ധ കപൂർ, സഹോദരൻ സിദ്ധാർത്ഥ് കപൂർ, സിഷാൻ സിദ്ദിഖി, ഓറി എന്ന ഓർഹാൻ, അബ്ബാസ് മസ്താൻ, ലോക എന്നിവർക്കൊപ്പം നോറ ഫത്തേഹിയുടെ പേരും ഉൾപ്പെട്ടത്.
