നിലമ്പൂരിൽ 74.05% പോളിംഗ് ; തിങ്കളാഴ്ച വോട്ടെണ്ണൽ

Date:

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വൈകിട്ട് 6 മണിക്ക് പോളിംഗ് അവസാനിച്ചപ്പോൾ 74.05 ശതമാനം പേർ വോട്ടു ചെയ്തു. ആകെ വോട്ടർമാർ 2,32,381. രാവിലെ മഴ കനത്തെങ്കിലും ആളുകൾ ബൂത്തിലെത്തുന്നതിൽ കുറവുണ്ടായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്‌. 2024ൽ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91
ശതമാനവുമായിരുന്നു പോളിങ്. 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ്‌ വോട്ടെണ്ണൽ.

എൽഡിഎഫ്‌ സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ പിതാവ് മുരളീധരൻ നായർക്കൊപ്പമെത്തി മാങ്കുത്ത്‌ ജിഎൽപി സ്‌കൂളിലെ 202-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ്‌ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്‌ വീട്ടിക്കുത്ത്‌ ജിഎൽപി സ്‌കൂളിലെ 184-ാം നമ്പർ ബൂത്തിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്‌ ചുങ്കത്തറ മാർതോമാ ഹയർ സെക്കൻഡറി സ്‌കൂളിലെ 148-ാം നമ്പർ ബൂത്തിലും വോട്ടുചെയ്‌തു.

ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും ജനങ്ങള്‍ തന്ന വലിയ സ്വീകര്യത വോട്ടായി മാറുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. പോളിംഗ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ല. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയരും. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് നന്നായി. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം – സ്വരാജ് പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിൻ്റെയും പ്രതികരണം. യുഡിഎഫ് വോട്ടുകള്‍ അരിച്ചു പെറുക്കി പെട്ടിയിലാക്കി. എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്യും. ഇതിനകം ജയം ഉറപ്പിച്ചു. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു ആശങ്കയും ഉണ്ടാക്കിയിട്ടില്ല. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും നിലമ്പൂര്‍ ചെവി കൊടുത്തില്ല. ലീഗാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. പി വി അന്‍വറിനെ മുന്‍പ് പിന്തുണച്ചവര്‍ ഇക്കുറി പിന്തുണയ്ക്കുന്നില്ല. അന്‍വറിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹം തന്നെ ഇതിനകം തീരുമാനിച്ചിട്ടുണ്ടാകും – ഷൗക്കത്ത് പറഞ്ഞു.
വിജയം സുനിശ്ചിതമെന്നും പോളിംഗ് ശതമാനം കൂടിയത് തനിക്ക് അനുകൂലമെന്നും പി വി അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന് എതിരായ വിധിഎഴുതായിരിക്കുമെന്നും അൻവർ.

ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ പൊതുവെ സമാധാന പൂർണ്ണമായിരുന്നു തെരഞ്ഞെടുപ്പ്. ചുങ്കത്തറയില്‍ പോളിങ് പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 127,128,129 നമ്പര്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മണ്ഡലത്തിന് പുറത്തുള്ള ആളുകള്‍ സ്ഥലത്ത് എത്തുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു സംഘർഷം. കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് സംഘര്‍ഷം ഇല്ലാതാക്കി.

പത്തുപേരാണ് മത്സരരംഗത്തുള്ളത്. എം സ്വരാജ് (എൽഡിഎഫ്) , അഡ്വ. മോഹൻ ജോർജ് (എൻഡിഎ), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) , അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), പി വി അൻവർ (സ്വതന്ത്രൻ), എൻ ജയരാജൻ (സ്വത.), പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ), വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.), ഹരിനാരായണൻ (സ്വത.).

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...