പത്തനംതിട്ട : കെട്ടിലും മട്ടിലും മാത്രമല്ല വെയ്പ്പിലും വിളമ്പലിലും കൂടി വ്യത്യസ്തമായ രുചിമഴ പെയ്യിക്കുന്ന ആറന്മുള വള്ളസദ്യ ഉണ്ണാനൊരുങ്ങിക്കോളു – ജൂലൈ 13 നാണ് വള്ളസദ്യക്ക് തുടക്കമാകുന്നത്. ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും. ആകെ 500 വള്ളസദ്യകളാണ് നടത്തുന്നത്. 390 സദ്യകളുടെ ബുക്കിങ് ഇപ്പോഴെ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടു നടത്തുന്നത്.
44 വിഭവങ്ങളാണ ഇലസദ്യയിലുണ്ടാവുക. ഇതിൽ 20 വിഭവങ്ങൾ പാടി ചോദിക്കും, അതിനനുസരിച്ച് വഴിപാടുകാരൻ ഇലയിൽ വിളമ്പും. ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ് ഈ വള്ളസദ്യയും ബന്ധപ്പെട്ട കാഴ്ചകളും.
15 സദ്യാലയങ്ങളിലായി 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. പാസ് മുഖേന മാത്രമെ പ്രവേശനം സാദ്ധ്യമാകൂ. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കും
ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവ്വഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ 5 ദിവസം നടത്തും. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. www.aranmulaboatrace.com. 8281113010.
തിരുവോണത്തോണി വരവ് സെപ്റ്റംബർ 5, ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ 14 തീയതികളിലായി നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാം. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നതായി ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ പറഞ്ഞു….