കണ്ണൂർ : സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. പോലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടെന്ന് അവ്യക്തമാണ്. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ലെന്ന് അധികൃതർ ഉറപ്പാക്കിയ ശേഷമാണ് പോലീസിൽ വിവരം അറിയിച്ചത്. സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്.
തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിപ്പിച്ച് കയറുകയായിരുന്നു എന്നാണ് സൂചന. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നും സംശയിക്കുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പോലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ്.