കൊച്ചി : തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോദ്ധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.
പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ തന്നെ ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന ഗൗരവമുള്ള വിഷയമാണെന്നും കേരളത്തിലെ മുതിർന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും ചർച്ച ചെയ്ത് നടപടിയിലേക്ക് നീങ്ങുമെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞിരുന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പൂർണ്ണമായി പ്രതിരോധത്തിലാക്കിയ പ്രസ്താവനയ്ക്ക് പാലോട് രവിയോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും കോൺഗ്രസ് ഉച്ചികുത്തി വീഴുമെന്നുമുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. ”60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്. ഈ പാര്‍ട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം. ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ല.” ഇങ്ങനെയായിരുന്നു പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം.