തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കലക്ടർ. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് കലക്ടര്‍ ജോണ്‍ വി.സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് സമയമെടുത്താണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് അപ്പോഴെ ആരോപണവും ഉയർന്നിരുന്നു.
/
