തിരുവനന്തപുരം : സര്‍വ്വകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക,ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊള്ളുന്ന നടപടിയിൽ സർക്കാരിൻ്റെ അതൃപ്തി അറിയിച്ചുകൊണ്ടാണ് കത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡോ: സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും ഡോ: കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വ്വകലാശാലയിലും താൽക്കാലിക വിസിമാരായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് സര്‍ക്കാരിൻ്റെ അതൃപ്തിക്ക് കാരണമായത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് സര്‍വ്വകലാശാലകളിലേക്കും വി സി നിയമനത്തിനായി സര്‍ക്കാര്‍ പട്ടിക നല്‍കിയിരുന്നു. എന്നാല്‍ ഇതിലുള്ളവരെ പരിഗണിക്കാതെയാണ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം സിസാ തോമസിനെയും കെ.ശിവപ്രസാദിനെയും വീണ്ടും വി സിമാരാക്കിയത്. ഇതു നിയമപരമല്ലെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഗവര്‍ണര്‍ നടപടി തിരുത്താൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുക്കുന്നത്.
സര്‍വ്വകലാശാല ചട്ടങ്ങൾ പാലിച്ചു നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് നിയമനം നടത്തണമെന്നാണ് സര്‍വ്വകലാശാല ചട്ടം. ഇതു ഗവര്‍ണര്‍ പൂര്‍ണമായി ലംഘിച്ചെന്നാണ് സര്‍ക്കാര്‍ വാദം. നിയമമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. ഇരു സര്‍വ്വകലാശാലകളിലും ഉടന്‍ തന്നെ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
താത്ക്കാലിക വൈസ് ചാന്‍സലർ നിയമനം നടക്കേണ്ടത് സാങ്കേതിക സര്‍വ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റല്‍ സര്‍വ്വകലാശാല ആക്ടിന്റെ 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് , സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് മാത്രമെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം സാദ്ധ്യമാകു. നിലവില്‍ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കിലും ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് ഈ വകുപ്പ് പാലിക്കേണ്ടി വരും. എന്നിരിക്കെയാണ് ചാന്‍സലര്‍ വീണ്ടും താത്ക്കാലിക വൈസ് ചാന്‍സലന്മാരെ നിയമിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.
