( Photo Courtesy : X )
മോസ്കോ : റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിൽ ശനിയാഴ്ച രാത്രി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ റിയാസാൻ എണ്ണ ശുദ്ധീകരണശാലയും അന്നനെഫ്ടെപ്രൊഡക്റ്റ് സൗകര്യവും തകർന്നു. റഷ്യയിലുടനീളം നിരവധി സ്ഥലങ്ങളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയ യുക്രെയ്ൻ പ്രിമോർസ്കോ-അക്താർസ്കിലെ സൈനിക വ്യോമതാവളവും ലക്ഷ്യമിട്ടതായാണ് വിവരം. യുക്രെയ്ൻ പ്രദേശത്തെ ആക്രമിക്കാനായി റഷ്യ ഉപയോഗിക്കുന്ന ഇറാനിയൻ നിർമ്മിത ഷാഹെദ് ഡ്രോണുകളുടെ പ്രധാന വിക്ഷേപണ കേന്ദ്രമാണ് പ്രിമോർസ്കോ-അക്താർസ്കിലെ സൈനിക വ്യോമതാവളം
പെൻസയിൽ, ഇലക്‌ട്രോപ്രൈബർ ഇലക്ട്രോണിക്സ് പ്ലാന്റിൽ ഉണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോസ്തോവ് മേഖലയിൽ, ഒരു വ്യാവസായിക സ്ഥലത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് വീടിന് തീപിടിച്ച് ഒരു വൃദ്ധൻ മരിച്ചു.
ആക്രമണത്തെത്തുടർന്ന് മോസ്കോയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസാൻ എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. യുക്രെയ്ന്റെ വടക്കുകിഴക്കൻ അതിർത്തിയോട് ചേർന്നുള്ള വൊറോനെഷ് മേഖലയിലെ അന്നനെഫ്ടെപ്രൊഡക്റ്റ് എണ്ണ സംഭരണശാലയും ഇതിൽ ഉൾപ്പെടുന്നു. റഷ്യയുടെ സൈനിക-വ്യാവസായിക മേഖലയ്ക്ക് സുപ്രധാനമായ ഇലക്ട്രോണിക്സ് ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. യുക്രെയ്ന്റെ 112 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഒറ്റരാത്രി കൊണ്ട് തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.