ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണരായ സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അറുപത്തിയേഴുകാരനായ സി പി രാധാകൃഷ്ണന് തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ്.
ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് മുൻ അദ്ധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികളും വഹിച്ചിരുന്നു.
സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വരാനിരിക്കുന്ന തമിഴ്നാട് കേരള തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കൊണ്ടാണ്. വിവാദങ്ങളിൽ പെടാത്ത പാർലമെന്ററി പരിചയവും രാഷ്ട്രീയ പരിചയവും ഏറെയുള്ള വ്യക്തി കൂടിയാണ് സി പി രാധാകൃഷ്ണൻ. ചൊവ്വാഴ്ച ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥി തീരുമാനം അറിയിക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടായിരിക്കും നാമനിർദ്ദേശപത്രിക നൽകുക.
ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതാണ് തെരഞ്ഞെടുപ്പിലേക്ക് വഴിവെച്ചത്. സെപ്റ്റംബർ 9 ന് ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 22.
