മോസ്കോ : തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ച് റഷ്യ. കൈവിലെ ഉക്രേനിയൻ എഫ്‌പി-5 ‘ഫ്ലമിംഗോ’ ക്രൂയിസ് മിസൈൽ ഫാക്ടറി റഷ്യ തകർത്തു. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ട ശേഷം അതേ രാത്രി തന്നെയാണ് കൈവിലെ മിസൈൽ ഫാക്ടറിക്ക് നേരെയും റഷ്യൻ ആക്രമണവും നടന്നത്.
മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായാണ് അധികൃതർ അറിയിച്ചത്. വിദഗ്ദ്ധർ തകർന്നുവീണ ഭാഗങ്ങൾ പരിശോധിച്ചുവരികയാണെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു
മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. മോസ്കോയിലെ ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വൈകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.