മോസ്ക്കോ : ഒരു ഭാഗത്ത് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ മിസൈൽ ആക്രമണവും തിരിച്ചടിയുമായി സംഘർഷഭരിതമാണ് ഉക്രെയ്‌ൻ – റഷ്യ മേഖലകൾ. ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്ക് മേഖലയിലെ രണ്ട് ഗ്രാമങ്ങൾ ശനിയാഴ്ച റഷ്യൻ സൈന്യം പിടിച്ചെടുത്തു.
കിഴക്കൻ ഉക്രെയ്‌നിലൂടെയുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ടൊറെറ്റ്സ്കിന് വടക്കുപടിഞ്ഞാറായി ക്ലെബാൻ-ബൈക്ക്, ഖാർകിവ് മേഖല അതിർത്തിക്കടുത്തുള്ള സെറെഡ് എന്നിവയാണ് ഇപ്പോൾ പിടിച്ചെടുത്ത പട്ടികയിലുള്ളത്. അതിൽ കോസ്റ്റിയാന്റിനിവ്കയ്ക്കടുത്തുള്ള കാറ്റെറിനിവ്ക, റുസിൻ യാർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ഉക്രെയ്ൻ നഷ്ടം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, റഷ്യൻ സൈന്യം കടന്നാക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡിനിപ്രോപെട്രോവ്സ്ക് മേഖലയുടെ അരികിലുള്ള സെലെനി ഹായ് തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി ഉക്രൈയ്ൻ വെളിപ്പെടുത്തി. ഡൊനെറ്റ്സ്കിലെ റഷ്യയുടെ മുന്നേറ്റങ്ങൾ തടയുന്നതിനും ഡിനിപ്രോപെട്രോവ്സ്കിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ നടത്തിയതായി ഉക്രെയ്ൻ സൈനിക ഇന്റലിജൻസ് (HUR) അറിയിച്ചു.