കോഴിക്കോട്: ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ വിവാദ പോസ്റ്റിന് ഹൈക്കമാൻ്റ് അതൃപ്തി അറിയിച്ചതിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വിടി ബൽറാം. ജിഎസ്ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബിജെപി ദേശീയതലത്തിൽ ഈ പോസ്റ്റ് വലിയ ചർച്ചാവിഷയമാക്കുകയും ചെയ്തു.
കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവും രംഗത്തെത്തിയിരുന്നു. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയെങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഇന്ന് എക്സിൽ പോസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാര്‍ പോസ്റ്റ് തെറ്റായിപ്പോയെന്നും സോഷ്യല്‍മീഡിയ വിങ് അക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞത്. സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിച്ചിരുന്നെന്നും വി ടി ബൽറാം പറഞ്ഞു.
ബുധനാഴ്ചത്തെ ജിഎസ്ടി പരിഷ്ക്കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹരിച്ചുകൊണ്ടാണ് ഇന്നലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ ബീഹാർ വിരുദ്ധ മനസ്സ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഇതിനെ ബിജെപി വിമർശിച്ചിരുന്നു. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും രംഗത്തെത്തിയിരുന്നു.