തിരുവനന്തപുരം : മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ കഴിയുന്ന സ്യൂഡോവൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. മനുഷ്യനെപ്പോലെ തന്നെ മറ്റ് മൃഗങ്ങൾക്കും വവ്വാലുകളിൽ നിന്നും നിപ ബാധ ഉണ്ടാകാം. അത്തരത്തിൽ അണുബാധയുണ്ടാകുന്ന മൃഗങ്ങൾ വഴിയായി മനുഷ്യർക്ക് രോഗം കിട്ടാനുള്ള സാദ്ധ്യതയുമുണ്ട്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ ഇത്തരത്തിലാണ് നിപ ബാധയുണ്ടായത്. ആദ്യം വവ്വാലുകളിൽ നിന്നും പന്നികൾക്ക് രോഗം പകർന്ന് കിട്ടുകയും പന്നികളെ കൈകാര്യം ചെയ്ത മനുഷ്യരിലേക്ക് നിപ പകരുകയും ചെയ്യുകയായിരുന്നു. മനുഷ്യർക്കും വവ്വാലുകൾക്കും ഇടയിൽ ഇടനിലക്കാരായി നിന്ന് മനുഷ്യരിലേക്ക് രോഗം സംക്രമിപ്പിക്കുന്ന മൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ കണ്ടെത്താൻ സ്യൂഡോവൈറസ് പരിശോധന വ്യാപകമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഈ വർഷം പാലക്കാട്, മലപ്പുറം ജില്ലകളിൽ നിപ ബാധയുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം പരിശോധനകൾ IAV യിൽ നടക്കുകയാണ്. അതുപോലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകാതെ അണുബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ഈ സങ്കേതം ഉപകരിക്കും. മനുഷ്യരിൽ ഉണ്ടാകുന്ന നിപ ബാധ, അതിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താനും ആദ്യഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പാക്കാനും ഇപ്പോൾതന്നെ നാം വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആർ ടി പി സി ആർ പരിശോധനകളും ട്രൂനാറ്റ് പരിശോധനകളും ആണ് അഭികാമ്യം. ആർ ടി പി സി ആർ പരിശോധനയിലും ട്രൂനാറ്റ് പരിശോധനയിലും വൈറസിനെ തന്നെയാണ് കണ്ടെത്തുന്നത് എന്നതിനാൽ രോഗവ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ രോഗം നിർണയിക്കാൻ കഴിയും. എന്നാൽ സ്യുഡോവൈറസ് ഉപയോഗിച്ചുള്ള പരിശോധനകളും എലിസ പരിശോധനയും വൈറസിനെതിരെ ശരീരം പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ആന്റിബോഡികളെ ആണ് ടെസ്റ്റ് ചെയ്യുന്നത്.
കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ വി ആർ ഡി എൽ ലാബുകളോടും ആലപ്പുഴ, പൂനെ എന്നിവിടങ്ങളിലെ NIV ലാബുകളോടുമൊപ്പം നിപ രോഗം കണ്ടെത്താൻ ആർ ടി പി സി ആർ പരിശോധന തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് IAV.
നിപയുടെ മാത്രമല്ല കേരളത്തിന് എക്കാലവും ഭീഷണിയായ ഡെങ്കിപ്പനിയുടെ നാല് വൈറസ് വകഭേദങ്ങളുടെയും റാബിസ് വൈറസിന്റെയും ഒക്കെ സ്യൂഡോ വൈറസുകളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി രൂപപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിലുള്ള കേരളത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
