(Photo courtesy : X)
സൗദി അറേബ്യയും പാക്കിസ്ഥാനും ചേർന്നുണ്ടാക്കിയ പ്രതിരോധ കരാർ ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളെ മാറ്റിമറിയ്ക്കുമെന്ന് യൂറേഷ്യ ഗ്രൂപ്പ് പ്രസിഡന്റും ഭൗമരാഷ്ട്രീയ വിശകലന വിദഗ്ദ്ധനുമായ ഇയാൻ ബ്രെമ്മർ. പ്രത്യേകിച്ച് ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഈ കരാർ പാക്കിസ്ഥാന് കൂടുതൽ സുരക്ഷയൊരുക്കുന്നുവെന്നും ബ്രെമ്മർ ചൂണ്ടിക്കാട്ടി.
സൗദി – പാക് തന്ത്രപരമായ പ്രതിരോധ കരാർ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. അടിയന്തര സാഹചര്യങ്ങളിൽ പാക്കിസ്ഥാന്റെ ആണവ ശേഷി സൗദി അറേബ്യയുടെ പ്രതിരോധത്തിന്റെ ഭാഗമായി കണക്കാക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയും പാക്കിസ്ഥാനും തമ്മിലുള്ള ഈ ദീർഘകാല കരാർ പാക്കിസ്ഥാന് നൽകുന്നത് പുതിയ ആത്മവിശ്വാസമാണെന്നും ബ്രെമ്മർ അഭിപ്രായപ്പെടുന്നു.
“അവരുടെ പ്രധാന സഖ്യകക്ഷി ഇപ്പോഴും ചൈനയാണ്. അതിന് ഉടൻ മാറ്റം വരില്ല. സൈനിക സഹായത്തിൻ്റേയും രഹസ്യാന്വേഷണ വിവരങ്ങളുടെയും ഭൂരിഭാഗവും അവർക്ക് ലഭിക്കുന്നത് അവിടെ നിന്നാണ്,” അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ പാക്കിസ്ഥാൻ പുതിയ ബന്ധങ്ങളെ കൂടെകൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ക്രിപ്റ്റോ നിക്ഷേപങ്ങളിലൂടെയും ഡൊണാൾഡ് ട്രംപിന്റെ കുടുംബവുമായിട്ടുള്ള നിക്ഷേപങ്ങളിലൂടെയും അവർക്ക് ട്രംപുമായി മികച്ച ബന്ധമുണ്ട്. ഇത് പാക്കിസ്ഥാന് കൂടുതൽ ആത്മവിശ്വാസവും കരുത്തേകുന്നതുമാണ്.” ബ്രെമ്മർ വ്യക്തമാക്കി.
“സൗദി അറേബ്യ പാക്കിസ്ഥാനെയും അവരുടെ പ്ലൂട്ടോണിയം പ്രോഗ്രാമിനെയും വർഷങ്ങളായി സഹായിക്കുന്നു എന്നത് പരമാർത്ഥമാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ പാക്കിസ്ഥാന്റെ ആണവ പരിപാടി സൗദി അറേബ്യയുടെ അടിയന്തര ആണവ പരിപാടിയായി കണക്കാക്കുമെന്ന് പരസ്യമായ രഹസ്യമായിരുന്നു. ട്രംപ് പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഇത് ചർച്ച ചെയ്തതാണ്,” ബ്രെമ്മർ പറഞ്ഞു. എന്നാൽ, ഒരു സംയുക്ത സുരക്ഷാ കരാർ അവർ പരസ്യമായി പ്രഖ്യാപിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു നീക്കമാണെന്നും ഇയാൻ ബ്രെമ്മർ കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തിന് ശേഷമാണ് കരാർ ഒപ്പിട്ടത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അമേരിക്കയുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി ഈ സംഭവത്തെ സൗദിയും നിരീക്ഷിക്കുന്നു. തുടർന്ന് വന്ന വാഷിംങ്ടൻ്റെ പ്രതികരണവും സൗദി അറേബ്യയെ തൃപ്തിപ്പെടുത്തിയില്ലെന്ന് ബ്രെമ്മർ ചൂണ്ടിക്കാട്ടി.
ഇസ്രായേലിൻ്റെ ഖത്തർ ആക്രമണം തടയാൻ അമേരിക്ക ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, പരാതിയിൽ കാര്യമായ നടപടിയെടുക്കാനോ ഇസ്രായേലിന് ശിക്ഷ നൽകാനോ പോലും തയ്യാറായില്ലെന്നതും സൗദി അറേബ്യയെ ആശങ്കപ്പെടുത്തുന്ന വിഷയമായിരുന്നു.
അതേസമയം, ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള ഇന്ത്യൻ പങ്കാളിത്തം ശക്തമാണെങ്കിലും കരാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ.