(Photo Courtesy : X)
മുംബൈ : ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ് സാദ ഫർഹാനുമെതിരെ ഐസിസിക്ക് പരാതി നൽകി ബിസിസിഐ.
ഇന്ത്യൻ സൈനിക നടപടിയെ പരിഹസിക്കാൻ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്. 2022-ലെ ട്വിൻ്റി20 ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി റൗഫിൻ്റെ പന്തുകളെ സിക്സറുകൾ പായിപ്പിച്ചതിനെ സൂചിപ്പിച്ചുകൊണ്ട്, സെപ്റ്റംബർ 21- ലെ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ‘കോഹ്ലി, കോഹ്ലി’ എന്ന് വിളിച്ചാസ്വദിച്ചപ്പോഴാണ് റൗഫിൻ്റെ വിവാദപരമായ ആംഗ്യം.
കൂടാതെ, ബൗളിംഗ് സ്പെല്ലിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും അഭിഷേക് ശർമ്മയെയും റൗഫ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതേ മത്സരത്തിൽ തന്നെയാണ് സാഹിബ് സാദ ഫർഹാൻ ബാറ്റ് മെഷീൻ ഗൺ പോലെ ഉപയോഗിച്ച് വെടിയുതിർക്കുന്ന ആംഗ്യം കാണിച്ചത്. ഇന്ത്യക്കെതിരെ സൂപ്പർ 4 ൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്.
ബുധനാഴ്ചയാണ് ബിസിസിഐ ഇരുവർക്കുമെതിരെ ഐസിസിക്ക് പരാതി നൽകിയത്. ഐസിസി ഹിയറിംഗിൽ റൗഫിനും സാഹിബ്സാദക്കും തങ്ങളുടെ ആംഗ്യങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ടിവരും. പ്രതികാര നടപടിയെന്നോണം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) അന്താരാഷ്ട്ര സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 14 ന് നടന്ന മത്സരത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ‘ഓപ്പറേഷൻ സിന്ദൂരിൽ’ പങ്കെടുത്ത ഇന്ത്യൻ സായുധ സേനയ്ക്ക് ടീമിൻ്റെ വിജയം സമർപ്പിക്കുകയും ചെയ്തതിനാണ് സൂര്യകുമാറിനെതിരെ പിസിബി പരാതി നൽകിയത്. എന്നാൽ പരാതി നൽകേണ്ടത് പരാമർശം ഉണ്ടായി ഏഴ് ദിവസത്തിനകം ആയതിനാൽ, പിസിബി എപ്പോഴാണ് പരാതി ഫയൽ ചെയ്തതെന്ന് സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ട്.