വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നൽകി വൈറ്റ് ഹൗസ്. ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഒഴിവാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍, ഒക്ടോബർ 1-ന് വിവേചനാധികാര ഫണ്ടിംഗ് കാലഹരണപ്പെടുന്ന പ്രോഗ്രാമുകളിലെ ‘തൊഴിലുകൾ വെട്ടിക്കുറയ്ക്കല്‍’ പദ്ധതികള്‍ തയ്യാറാക്കാനാണ് വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് (OMB) ഫെഡറൽ ഏജൻസികൾക്കുള്ള മെമ്മോ. നിർബ്ബന്ധിത വിഹിതം നൽകുന്നതിൽ നിന്ന് പ്രയോജനം ലഭിക്കാത്ത പ്രോഗ്രാമുകൾ, പ്രോജക്റ്റുകള്‍ എന്നിവയിൽ
സ്ഥിരമായ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും മെമ്മോ നൽകുന്നുണ്ട്.
ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി ഡെമോക്രാറ്റുകളുമായുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഫെഡറൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് മുന്നോടിയായി സാദ്ധ്യമായ ഷട്ട്ഡൗൺ മുതലെടുക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുകയാണോ അതോ റിപ്പബ്ലിക്കൻമാരുടെ ഫണ്ടിംഗ് നിയമനിർമ്മാണം പാസാക്കാൻ ഡെമോക്രാറ്റുകളെ നിർബന്ധിക്കുന്നതിനുള്ള ചർച്ചാ തന്ത്രമാണോ ഇതെന്ന് വ്യക്തമല്ല.
പല ഫെഡറല്‍ ഏജന്‍സികളും യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കുന്ന വാര്‍ഷിക ഫണ്ടിംഗിനെയാണ് ആശ്രയിക്കുന്നത്. എല്ലാ വര്‍ഷവും ഈ ഏജന്‍സികള്‍ തങ്ങളുടെ അഭ്യർത്ഥനകൾ സമര്‍പ്പിക്കുകയും, കോണ്‍ഗ്രസ് അത് പാസ്സാക്കുകയും, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമനിര്‍മ്മാണത്തിൽ പ്രസിഡന്റ് ഒപ്പുവെക്കുകയും വേണം.
സർക്കാർ ധനസഹായത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ്സിലെ ഉന്നത ഡെമോക്രാറ്റിക് നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച ചൊവ്വാഴ്ച ട്രംപ് റദ്ദാക്കിയിരുന്നു. ഇത് അടുത്തയാഴ്ച ഭാഗികമായി സർക്കാർ അടച്ചുപൂട്ടലിനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. പ്രതിസന്ധിക്ക് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കഴിഞ്ഞയാഴ്ച, ജനപ്രതിനിധിസഭയിലെ റിപ്പബ്ളിക്കൻ പ്രതിനിധികള്‍ നവംബര്‍ 20 വരെ സര്‍ക്കാരിന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഒരു ഹ്രസ്വകാല നടപടി പാസാക്കിയെങ്കിലും സെനറ്റിലെ ഡെമോക്രാറ്റുകള്‍ ബില്‍ തടഞ്ഞിരുന്നു.
അധികാരമേറ്റ ശേഷം തന്റെ ചെലവുചുരുക്കല്‍ പദ്ധതിയിലൂടെ ട്രംപ് ആയിരക്കണക്കിന് ഫെഡറല്‍ ജീവനക്കാരെയാണ് ഇതിനകം പിരിച്ചുവിട്ടത്. 2025 അവസാനത്തോടെ ഏകദേശം 300,000 ഫെഡറൽ സിവിലിയൻ തൊഴിലാളികൾക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് ഡയറക്ടർ സ്കോട്ട് കുപോർ ഓഗസ്റ്റിൽ തന്നെ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്.
