ന്യൂഡൽഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ മൂന്നാമതും തിരഞ്ഞെടുത്തു. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പിപി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി ജെ ആഞ്ചലോസ്, പി വസന്തം, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള 14 പേര്‍.
ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവായ ഡോ കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, അസീസ് പാഷ, നാഗേന്ദ്ര നാഥ് ഓജ എന്നിവരെ കണ്‍ട്രോള്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തി. ദേശീയ എക്സിക്യൂട്ടവില്‍ കേരളത്തില്‍ നിന്നും നാല് പേരാണ് ഉള്‍പ്പെട്ടത്. കെ പി രാജേന്ദ്രന്‍,ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവരാണ് ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെട്ടത്. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവര്‍ സെന്‍ട്രല്‍ ക്വാട്ടയിലാണ് ദേശീയ കൗണ്‍സിലില്‍ എത്തിയത്. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും.
