ദുബൈ : ഏഷ്യാ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ
പാക്കിസ്ഥാനെതിരെ വിജയം നേടിയ ശേഷം നടത്തിയ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് ഐസിസിയുടെ നടപടി. വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സമ്മാനദാനച്ചടങ്ങിനിടെ സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാറിന് മാച്ച് ഫീയുടെ 30% ആണ് ഐസിസി പിഴ ചുമത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കററ് ബോര്‍ഡിൻ്റെ പരാതിയിലാണ് നടപടി. വിഷയത്തിൽ വിശദീകരണം തേടി സൂര്യകുമാറിനെ ഐസിസി പാനൽ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പിഴ ചുമത്തുന്നതായുള്ള തീരുമാനം വന്നത്.
രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.
സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും സൂര്യകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരേ രണ്ട് പരാതികൾ പിസിബി നൽകിയതായി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ഇന്ത്യൻ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു.
പിസിബി സമർപ്പിച്ച തെളിവുകളും മൊഴികളും പരിശോധിച്ചതായും സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായക്ക് കളങ്കം
വരുത്താൻ സാദ്ധ്യതയുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ കുറ്റം ചുമത്തേണ്ടതാണെന്നും റിച്ചാർഡ്സൺ ഇമെയിലിൽ പറഞ്ഞിരുന്നു. പിന്നാലെ സൂര്യയുടെ വിശദീകരണം കേട്ട ശേഷം ഐസിസി നടപടിയെടുക്കുകയായിരുന്നു.