ന്യൂഡൽഹി : പതിനേഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡല്‍ഹി ശ്രീ ശാരദാനന്ദ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. കേസിന് പിറകെ ഒളിവില്‍ പോയ സ്വാമിയെ ആഗ്രയില്‍ നിന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. പ്രതിക്കായി ഹരിയാന, രാജസ്ഥാന്‍, യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തെരയുന്നതിനിടെയാണ് ആഗ്രയില്‍ നിന്ന് ഇന്നലെ രാത്രി പിടിയിലാവുന്നത്.
ഇയാളുടെ കയ്യില്‍ നിന്നും മൂന്ന് ഫോണുകളും ഐപാഡും പിടികൂടിയ പോലീസ്, ഐക്യരാഷ്ട്രസഭയിലെയും ബ്രിക്‌സിലെയും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധിയെന്ന വ്യാജ വിസിറ്റിംഗ് കാര്‍ഡും ഇയാളിൽ നിന്ന് കണ്ടെത്തി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോ ദിവസവും ഇയാള്‍ ഒളിവ് സ്ഥലം മാറ്റിയിരുന്നതായും പൊലീസ് വ്യക്തമാക്കി. മഥുര, വൃന്ദാവന്‍, ആഗ്ര പ്രദേശങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
ചൈതന്യാനന്ദ ഡയറക്ടറായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാര്‍ത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനശ്രമത്തിന് കേസെടുത്തത്. ശൃംഗേരി മഠം ട്രസ്റ്റിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനും കേസുണ്ട്. സമാന്തര ട്രസ്റ്റ് ഉണ്ടാക്കി 20 കോടി തട്ടിയെന്നാണ് കേസ്. ഈ കേസില്‍ വെള്ളിയാഴ്ച ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളി. ചൈതന്യാനന്ദയുടെ 16 ബാങ്ക് അക്കൗണ്ടുകളും എട്ട് കോടി രൂപയും പോലീസ് മരവിപ്പിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്തിച്ചു