ചങ്ങനാശ്ശേരി : വിശ്വാസസംരക്ഷണവിഷയത്തില്‍ മുഖ്യമന്ത്രിയിലും എല്‍ഡിഎഫ് സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് സുകുമാരൻ നായർ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളുടെ നെട്ടോട്ടമാണ്. എൻഎസ്എസിനെ അനുനയിപ്പിച്ച് തങ്ങൾക്കനുകൂലമാക്കിയില്ലെങ്കിൽ അത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞാണ് സുകുമാരൻ നായരുമായി ചർച്ച നടത്താനുള്ള കോൺഗ്രസ് നേതാക്കളുടെ ഈ ‘ജാഥ!’
മുതിർന്ന നേതാക്കളായ പി ജെ കുര്യനും കൊടിക്കുന്നിൽ സുരേഷിനും പിന്നാലെ ഇപ്പോഴിതാ തിരുവഞ്ചൂർ രാധാകൃഷ്ണനും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ചകളെല്ലാം സൗഹൃദപരമാണെന്ന് നേതാക്കൾ പറഞ്ഞു വെക്കുമ്പോഴും തെരഞ്ഞെടുപ്പ് തൊട്ടടുത്ത് വന്ന് നിൽക്കുന്ന സാഹചര്യത്തിൽ എൻഎസ്എസിൻ്റെ പിടിവള്ളി കൂടി നഷ്ടപ്പെട്ടാൽ ഉണ്ടായേക്കാവുന്ന സ്ഥിതിവിശേഷം കോൺഗ്രസിൽ മറ്റാരേക്കാളും മനസ്സിലാവുന്നത് തിരുവഞ്ചൂരിനും രമേശ് ചെന്നിത്തലക്കും അടൂർ പ്രകാശിനുമൊക്കെയാണല്ലോ. അതുകൊണ്ടുതന്നെ ഈ നേതാക്കളും അടുത്ത ദിവസങ്ങളിൽ പെരുന്നയിലെത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എൻഎസ്എസ് ആസ്ഥാനത്ത് കയറിയിറങ്ങിയ തിരുവഞ്ചൂരടക്കമുള്ള ഒരു നേതാക്കളും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പറയാൻ തനിക്ക് അധികാരമില്ലെന്നും, എൻഎസ്എസിന് അവരുടേതായ നിലപാടുകൾ എടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നുമാണ് തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞത്.
സുകുമാരന്‍ നായരുടെ പ്രസ്താവന മാധ്യമങ്ങള്‍ ട്വിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് എൻഎസ്എസിനെ പിണക്കാൻ ആഗ്രഹിക്കാത്ത പി ജെ കുര്യൻ്റെ ഭാഷ്യം. “അവർ സമദൂരം കൈവിട്ടിട്ടില്ല. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നതാണ് എന്‍എസ്എസ് എപ്പോഴും ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് അതിന് എതിരായിരുന്നു. ഇപ്പോഴവര്‍ തെറ്റുതിരുത്തി എന്‍എസ്എസ് നിലപാടിലേക്ക് വന്നു. അപ്പോഴവര്‍ അതിനെ സ്വാഗതം ചെയ്തു. അതൊരു സ്വാഭവിക നടപടിയാണ്.” – ഇത്രയും ലാഘവത്തോടെ ഇങ്ങനെ കുര്യന്‍ വ്യക്തമാക്കുമ്പോൾ എൻഎസ്എസിൻ്റെ ‘സമദൂരത്തിലെ ശരിദൂരം’ അവർക്ക് പിടികിട്ടിയില്ലെന്ന് സാരം. അല്ലെങ്കിൽ മനസ്സിലായിട്ടും പുറത്ത് പറയാനാകാതെ വിമ്മിഷ്ടം അവരെ അടക്കിഭരിക്കുന്നു എന്നർത്ഥം.
എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എൻഎസ്എസ് ആസ്ഥാനത്തേക്ക് ജാഥയായി എത്തുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തങ്ങൾ ആരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇതെല്ലാം മാധ്യമങ്ങളുടെ വാർത്തകളാണെന്നുമാണ് പറയുന്നത്. ഇതെല്ലാം കണ്ടും കേട്ടും പെരുന്നയിലിരുന്ന് ‘സമദൂരത്തിലെ ശരിദൂര’ത്തിൻ്റെ അമരക്കാരൻ എങ്ങനെ ചിന്തിക്കുന്നു എന്നറിയാനുള്ള ജനങ്ങളുടെ കൗതുകത്തിനും വാർത്തകളിൽ ഇടം നൽകാവുന്നതാണ്.
