പട്ന : ബിഹാറിൽ സമഗ്രപരിശോധനയ്ക്ക് (SIR) ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
7.89 കോടി വോട്ടമാരായിരുന്നു ജൂൺ മാസത്തിൽ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയായിരുന്നു ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അപ്പോൾ കരട് പട്ടിക 7.24 കോടി വോട്ടർമാരായി കുറഞ്ഞു. ഇതേ തുടർന്ന് വലിയ വിവാദങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉയർന്ന് വന്നത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വോട്ടർപട്ടിക തീവ്രപരിഷ്ക്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് ഒക്ടോബർ ഏഴിന് കോടതി പരിഗണിക്കാനിരിക്കുന്നുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ അടക്കമുള്ള രേഖകൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർത്തു. ആധാർ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള രേഖയായി സ്വീകരിക്കാൻ ആവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നുള്ള അഭ്യൂഹവും പുറത്തുവരുന്നുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കമുള്ളവർ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ബിഹാർ സന്ദർശിക്കുന്നുണ്ട്. തുടർന്ന് ഒക്ടോബർ മൂന്നിന് ഡൽഹിയിൽ വെച്ച് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.