(Photo Courtesy : X)
കൊളംബോ : ഐസിസി വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ കൊളംബോയിൽ നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിൻ്റെ ടോസ് ചടങ്ങിൽ ഹസ്തദാനത്തിന് മടിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിന് മുൻപോ ശേഷമോ ഇരു ടീമുകളിലെയും കളിക്കാർ ഹസ്തദാനം നടത്തുമെന്ന് ഉറപ്പില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയും സ്ഥിരീകരിച്ചിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം സ്വീകരിച്ച അതേ നിലപാട് തന്നെ തുടരുകയാണ് വനിതാ ടീമും.

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത് കളിക്കളത്തിലെ രാഷ്ട്രീയത്തിന് ചൂടേറ്റിയിരിക്കുന്ന വേളയിലാണ് വനിതാ ലോകകപ്പ് കൂടി കടന്നുവന്നത്. പാക്കിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ-പാക് മത്സരത്തിന് കൊളംബോ വേദിയായത്.
പാകിസ്ഥാനുമായുള്ള കായിക ബന്ധങ്ങൾ നിഷ്പക്ഷ വേദി ടൂർണമെന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും സമീപഭാവിയിൽ ഉഭയകക്ഷി ഇടപെടലുകൾ ആസൂത്രണം ചെയ്യില്ലെന്നും ഇന്ത്യൻ സർക്കാറും നിലപാട് സ്വീകരിച്ചിരുന്നു. 2012-13 മുതൽ ഇരു രാജ്യങ്ങളും ഒരു ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല, കൊളംബോയിൽ നടക്കുന്ന അവരുടെ ലോകകപ്പ് മത്സരം കർശന സുരക്ഷയിലാണ് നടക്കുന്നത്.
വനിതാ ലോകകപ്പിന്റെ പാക്കിസ്ഥാൻ ടീമിൻ്റെ മുഴുവൻ കളികളും കൊളംബോയിലാണ് നടക്കുക. അതേസമയം ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഗുവാഹത്തിയും കൊളംബോയും ആയി നടക്കും.നിലവിലെ നയം അനുസരിച്ച് പാക്കിസ്ഥാൻ സെമി ഫൈനലിനോ ഫൈനലിനോ യോഗ്യത നേടിയാൽ ആ മത്സരങ്ങളും ശ്രീലങ്കൻ തലസ്ഥാനത്ത് തന്നെ നടത്തപ്പെടും.
അതേസമയം, കൊളംബോയിൽ നടന്ന വനിതാ ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ഇന്ത്യയ്‌ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.
