തിരുവനന്തപുരം : സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചതിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞെട്ടിക്കുന്ന ഈ സംഭവം
സംഘപരിവാർ പ്രചരിപ്പിക്കുന്ന വെറുപ്പിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ ഒരു നടപടിയായി ഇതിനെ തള്ളിക്കളയുന്നത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ അവഗണിക്കുന്നതിന് തുല്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ നടന്ന ആക്രമണശ്രമത്തെ ശക്തമായി അപലപിക്കുന്നു. ഈ ഞെട്ടിക്കുന്ന സംഭവം സംഘപരിവാർ പ്രചരിപ്പിക്കുന്ന വെറുപ്പിൻ്റെ പ്രതിഫലനമാണ്. ഇതൊരു വ്യക്തിഗത നടപടിയായി തള്ളിക്കളയുന്നത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ അവഗണിക്കുന്നതിന് തുല്യമാണ്. വർഗ്ഗീയ ഭ്രാന്ത് ചീഫ് ജസ്റ്റിസിനെ പോലും ലക്ഷ്യമിടാൻ ധൈര്യപ്പെടുമ്പോൾ, വിഭാഗീയവും വിഷലിപ്തവുമായ ഈ രാഷ്ട്രീയത്തിൻ്റെ ഗുരുതരമായ അപകടത്തെയാണ് അത് തുറന്നുകാട്ടുന്നത്. ഇതിനെ ഒരു മടിയും കൂടാതെ നേരിടണം.” – എക്സിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയുള്ള നടപടികൾക്കിടെയാണ് ഒരു അഭിഭാഷകൻ ഡയസിനടുത്തേക്ക് വന്ന് ഷൂ ഊരി ജഡ്ജിക്ക് നേരെ എറിയാൻ ശ്രമിച്ചത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞ് കോടതി വളപ്പിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് അഭിഭാഷകൻ വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു.
