കല്പറ്റ : വൈത്തിരിയിൽ കുഴല്‍പ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തില്‍ പോലീസുകാരെ സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിൽ. വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കുഴല്‍പ്പണം ഇടപാട് വിവരം പോലീസിനെ അറിയിച്ചതും . പിടികൂടിയ പണം പൂഴ്ത്തിവെക്കാന്‍ പ്രതികളെ സഹായിച്ചതും റിയാസ് ആണെന്നാണ് നിഗമനം. തുടർന്ന് പ്രത്യുപകാരമായി കേസിലെ ഒന്നാംപ്രതിയായ എസ്എച്ച്ഒ അനില്‍കുമാറിൽ നിന്ന് റിയാസ് പണം കൈപ്പറ്റിയതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെപ്റ്റംബര്‍ 15-ന് ചുണ്ടേലില്‍വെച്ചായിരുന്നു പോലീസിൻ്റെ കുഴല്‍പ്പണവേട്ട. 3,37,500 രൂപയാണ് പിടികൂടിയത്. ചുണ്ടേല്‍ സ്വദേശിയായ യുവാവ് മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി കൊണ്ടുവന്ന പണമായിരുന്നു ഇത്.
എസ്എച്ച്ഒ അനില്‍കുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരും കേസില്‍ പ്രതിചേർക്കപ്പെട്ടവരാണ്. നാല് പോലീസ് ഉദ്യോഗസ്ഥരെയും നേരത്തേതന്നെ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ പോലീസുകാരുടെ പേരില്‍ കവര്‍ച്ചക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
ചുണ്ടേല്‍ സ്വദേശിയായ യുവാവ് എത്തിച്ച പണം കൈപ്പറ്റാനെത്തിയ സംഘത്തിലെ ഒരാളായ കൊണ്ടോട്ടി സ്വദേശിയെ പോലീസ് മര്‍ദ്ദിച്ചതിൻ്റെ പേരിലുണ്ടായ പരാതിയിൽ മൊഴിയെടുത്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
