തിരുവനന്തപുരം : ശബരിമലയിൽ നിന്ന് എടുത്തുകൊണ്ടുപോയ ദ്വാരപാലക ശിൽപ്പപീഠം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ കൊണ്ടുവെച്ച് ബോർഡിനെ കുടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ശ്രമിച്ചിരുന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗോള അയ്യപ്പസംഗമം നടക്കുന്നത് തടസ്സമായി. ദ്വാരപാലക ശിൽപ്പപീഠം 2021 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ വാസുദേവന്റെ വീട്ടിലായിരുന്നു. ബോർഡിന്റെ സ്ട്രോങ് റൂമിൽ കൊണ്ടുവച്ച് ഉൗമക്കത്തിലൂടെ ഹൈക്കോടതിയെ അറിയിക്കാനും അങ്ങനെ ബോർഡിനെ പ്രതികൂട്ടിലാക്കാനുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് പീഠം കളവുപോയതായി ആരോപണമുയർത്തിയത്.
ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സെപ്തംബർ 28ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂടിലെ സഹോദരിയുടെ വീട്ടിൽ നിന്നും പീഠം കണ്ടെത്തി. സെപ്തംബർ 13നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പീഠം ഇവിടെ എത്തിച്ചത്. വിജിലൻസ് ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധമായ മൊഴികളിൽ നിന്നാണ് പീഠം എവിടെയുണ്ടെന്ന് മനസ്സിലാക്കി പിടികൂടിയത്.
