കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങൾ പ്രഥമദൃഷ്ട്യാ അനാവശ്യമെന്ന് ഹൈക്കോടതി. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണക്കേസിലെ വിജിലന്‍സ് റിപ്പോർട്ട് തള്ളി നടത്തിയ വിജിലൻസ് കോടതി പരാമർശങ്ങളിലാണ് ഹെെക്കോടതിയുടെ രൂക്ഷവിമർശം. ഒരു പരാതിയിലുള്ള വിജിലൻസ് റിപ്പോർട്ട് മറ്റൊരുകേസിൽ വിളിച്ചുവരുത്തി തള്ളാനാകില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.
അജിത് കുമാറിനെതിരെ പി വി അൻവർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടിയും സ്വാഭാവികമാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്വന്തം ഉദ്യോഗസ്ഥരെ വിശ്വസിച്ചാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ മുഖ്യമന്ത്രിക്ക് വിദഗ്ധാഭിപ്രായം ഉണ്ടാകണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു വിജിലൻസ് കോടതിയുടെ പരാമർശം.
വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഭരണഘടനാ സംവിധാനത്തിന് എതിരാണെന്നും ഒഴിവാക്കണമെന്നും കാണിച്ചുള്ള സർക്കാർ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അജിത്‌കുമാറിന്റെ അപ്പീലും പരിഗണിച്ചു. അപ്പീലുകൾ വിധിപറയാന്‍ മാറ്റി. വിജിലൻസ് കോടതി ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
